🔥🔥🔥🔥🔥🔥🔥🔥
*ആതിഥേയനില്ലാത്തൊരതിഥി*
💔💔💔💔💔💔💔💔💔
"ഉമ്മാ നല്ല നെഞ്ച് വേദനയുണ്ട്" അത് ഗ്യാസായിരിക്കും..നീ കുറച്ച് ചൂടു വെള്ളം കുടിക്ക്...വെള്ളം കുടിക്കാഞ്ഞിട്ടാ...,"അല്ലുമ്മാ രാവിൽക്കേ ഇണ്ട്.."നീ ഇപ്പം സ്കൂൾ പൂട്ടിയപ്പോഴേ തീരെ വെള്ളം കുടിക്ക്ണല്ലാ...അതോണ്ടന്നെയാണ്...,ഈ വെള്ളം കുടിക്ക്..
ഉമ്മ തന്ന ഒരു വലിയ ഗ്ലാസിലെ വെള്ളവും കുടിച്ച് ഫോണെട്ത്ത് WhatsApp ൽ കയറുമ്പോഴേക്ക് സുബിത്താത്തന്റെ പരിഭവം മുന്നിൽ തന്നെയുണ്ട് ." അല്ല..,നീ എവിടെ പോയെ..! ഇന്ന് കണ്ടില്ലല്ലോ..നിൻക്കെന്താ എന്തെങ്കിലും മൂഢ് ഓഫ് ഉണ്ടോ..?എന്റെ മനസ്സിന്റെ പാസ്വേർഡ് സുബിത്താത്തക്ക് നന്നായിട്ടറിയാവുന്നത് കൊണ്ട് പെട്ടനെ തന്നെ കാര്യം പിടിച്ചു..,
"ഇല്ലാന്നു..,എന്തോ നെഞ്ച് വേദനയുണ്ട്.."
വൈകുന്നേരം ഗ്യാസിന്റെ എന്തെങ്കിലും കഴിച്ചോ..?
" ഇല്ല..,ഇളനീർ കുടിച്ചിന്.."
ഹാ എന്നാ കുറച്ച് വെള്ളം കുടിച്ചിട്ട് വേഗം കിടന്നോ...സമയായില്ലേ..,
"ഹ്ം...! Ok,
ഉമ്മ ഇടക്കിടക്ക് വരുന്നുണ്ട്...,ഫോണോട് കളിക്കുന്നുണ്ടോ..,ഉറങ്ങിയോ വെള്ളം കുടിച്ചിനോ..,അങ്ങനെ നിരീക്ഷണങ്ങളുടെ കണ്ണടയും വെച്ചിട്ട്..,അവസാനം ഉമ്മച്ചീന്റെ സെന്റിയും,സുബിത്താത്തന്റെ സലാമും കഴിഞ്ഞ് ഫാത്വിമിയ്യ സ്വലാത്തിനെ കൂട്ട് പിടിച്ച് ഞാൻ കിടന്നു..,അപ്പോഴും നെഞ്ചത്ത് എന്തോ വെച്ചപോലെ..,നല്ല വേദനയുണ്ട്..,
കാത്തിരുന്നു..കാലുപിടിച്ചിട്ടും ഉറക്കമെന്റെ ഓരത്ത് പോലും വരുന്നില്ല..,പെട്ടനെ നെഞ്ച് വേദനയ്ക്ക് ശക്തി കൂടി...എനിക്കെന്തോ ശ്വാസം മുട്ടാൻ തുടങ്ങി..,ഒറ്റയ്ക്ക് കിടക്കുന്നോണ്ട് ആരെയും വിളിക്കാനില്ല..,റൂം ഞാൻ ലോക് ചെയ്തിരുന്നു..,
ഞാൻ എങ്ങനെയെല്ലോ..,എണീറ്റുപോയി വാതിലിന്റെ കുറ്റിത്തുറന്നു...എന്നിട്ട് റൂമിൽ നിന്നു അങ്ങോട്ടുമിങ്ങോട്ടും നടന്നു..,
നല്ല വേദനയുണ്ടല്ലോ റബ്ബേ...ഗ്യാസിതിനു മുമ്പും ഉണ്ടായിട്ടുണ്ട്.,പക്ഷേ അതൊന്നും ഇങ്ങനെയായിരുന്നില്ല..,ഇതെന്താണ്..,
തലയിൽ വേദനയുടെ ഗവേഷണം നടക്കുമ്പോഴേക്കും കാലുകൾ കുഴയുന്നത് ഞാനറിഞ്ഞു..,
പെട്ടനെ ഞാനറിയാതെ തന്നെ ഞാൻ തളർന്നു താഴെ വീണു..,കണ്ണിന്റെ മറ നീങ്ങുന്നത് ഞാൻ മനസ്സിലാക്കി..,ആകാശ ലോകങ്ങൾ തുറക്കപ്പെട്ടു..,ഫാത്വിമിയ്യ സ്വലാത്ത് എന്നെ വിട്ടു പോയിട്ടില്ല.,വേദന കനക്കുന്നുണ്ട്..,മുന്നിൽ വന്നയാളെ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ പതറി പോയി...,
മലകുൽ മൗത് അസ്റാഈൽعليه السلام..!!കേട്ടും പഠിച്ചും മാത്രം പരിചയമുള്ള..അസ്റാഈൽ عليه السلام ഒട്ടും പ്രതീക്ഷിക്കാതെ ഇന്നെന്റെ മുന്നിൽ..,സമ്മതം ചോദിക്കാതെ..,അനുവാദം വാങ്ങാതെ എന്നിൽ നിന്നും എന്റെ റൂഹിനെ ഊരിയെടുക്കുമ്പോൾ..,വേദനയുടെ തീചൂളയിൽ കിടന്നു ഞാൻ പിടയുമ്പോൾ..,എന്റെ നീല കൗണ്ടർ..,വിരലുകൾക്കിടയിൽ കിടന്ന് ഞെരിഞ്ഞമരുന്നുണ്ടായിരുന്നു...,
കാലുകൾ മരവിച്ചു..,കൈകൾ തളർന്നു..,ഒന്ന് പിടയണമെന്നുണ്ട്..പക്ഷേ ഞാൻ ബന്ധിതയാണ്..ഒരുപാട് കരങ്ങളെന്നെ ലോക്ക് ചെയ്തു വെച്ചിട്ടുണ്ട്..,,ഇത്രേം വേദനയുണ്ടായിട്ടു പോലും മിഴികളിൽ നിന്നുമൊരു കണ്ണു നീർ വരെ പൊഴിച്ചില്ലല്ലോ...,ഇതെന്തു പ്രതിഭാസമാണ് റബ്ബീ..!
കണ്ണിൽ ഇരുള് നിറയുന്നതിന് മുമ്പ് ഞാൻ കണ്ടു..,രണ്ട് റോസ് റിബണുകൾക്കിടയിൽ നിന്ന് തിളങ്ങുന്ന ഫാത്വിമിയ്യ സ്വലാത്തിനെ...,എന്റെ കൂടെ വരൂല്ലേന്ന് ചോദിക്കണമെന്നുണ്ട്...പക്ഷേ നാവുയരുന്നില്ല...ആ നേരത്തിൽ അതോടി വന്നെന്റെ നാവിൽ കയറി നിന്നു..,മെല്ലെയരു സ്വരമായി പുറത്തേക്ക് വന്നു...,വരുമ്പോ ശഹാദത്തിനേയും കൂടെ കൂട്ടിയത് കണ്ടപ്പോൾ എനിക്ക് സന്തോഷത്തിനതിരില്ലായിരുന്നു...,
കരളുരുകുന്ന വേദനയിലും...എന്റെ കണ്ണുകൾ തേടിയത്
എന്റെ ഉമ്മയെ ആയിരുന്നില്ല...,ഉപ്പയേയും ആയിരുന്നില്ല..,എന്റെ അനുരാഗ പുഷ്പമായﷺ..,ഇത്രയും വലിയ വേദന അവിടുന്നുംﷺ സഹിച്ചിട്ടുണ്ടായിരുന്നല്ലോ...ആ നേരമിലും,എന്റെ അവസ്ഥയോർത്ത് ബേജാറിലായിരുന്ന..,എന്റെ മുത്ത് തങ്ങളെയായിരുന്നുﷺ..,
സയ്യിദീﷺ...അവിടുന്നെവിടെﷺ..വേദന മറക്കുവാൻ പലരും പണ്ടേ പറഞ്ഞു തന്നത്..,പ്രിയപ്പെട്ടവരുടെ സാമീപ്യമാണ്...തിങ്കളേﷺ...അങ്ങെവിടെﷺ...!!!
കാത്തിരുന്നെന്റെ കാമിലർﷺ വരാൻ അസ്റാഈൽعليه السلام കാത്തിരുന്നില്ല...,എന്റെ റൂഹിനേയും കൊണ്ട് അകന്നിരുന്നു..,
സമയം നാലുമണി ആയെന്ന് തോന്നുന്നു...,നിയാസുസ്ഥാതിന്റെ നശീദ "നൂറു ദുന്യാ ത്വാഹ" ഫോണിൽ നിന്നും കേൾക്കുന്നുണ്ട്..,ഫോണ് കിടക്കയിലാണുള്ളത് ഞാൻ താഴെയും...,ഫോണെടുക്കാനെന്റെ കൈ ഉയരുന്നില്ലല്ലോ...അത് മരവിച്ചിട്ടുണ്ട്..,
ഡോറിന് വാപ്പാന്റെ ഒന്നാമത്തെ മുട്ട് കേട്ടു..,രണ്ടാമത്തെ മുട്ടും കഴിഞ്ഞു..,ഇതിൽ ഞാനെഴുന്നേക്കാറുണ്ട്..,പക്ഷേ..ഇന്നെനിക്കെഴുന്നേൽക്കാൻ കഴിയുന്നില്ല..,എനിക്കെന്നെ പൊന്തുന്നില്ല..,ഞാൻ മരിച്ചുവല്ലോ..!
സമയം നാലരയായിട്ടും പുറത്ത് കാണാത്തതു കൊണ്ടാവും ആരോ ഡോർ തുറക്കുന്നുണ്ട്..,
റബ്ബീ ഉമ്മയാണല്ലോ..! ഉമ്മയെങ്ങാനും ഞാൻ മരിച്ചെന്നറിഞ്ഞാലെന്താണവസ്ഥ..,!?
ഉമ്മയെന്തിനാ ചിരിക്കുന്നെ..,ചൂട് കൊണ്ട് താഴെ കിടക്കുവാണെന്ന് കരുതിക്കാണും..എനിക്കങ്ങനെയൊരു ശീലമുണ്ടല്ലോ..,
എണീക്കാത്തതിൽ വഴക്കു പറയാൻ വന്നയാളാ..,താഴെ കിടക്കുന്നത് കണ്ടിട്ട് സങ്കടം വന്നെന്ന് തോന്നുന്നു..,മോളെ..,ഏണീക്ക്.,ഇപ്പോ ബാങ്ക് കൊടുക്കും..,നിൻക്കിവിടെ ചൂടാണെങ്കിൽ അപ്പുറം വന്ന് കിടന്നൂടെ..രാത്രി തീരെയുറങ്ങിയില്ലേ..!" പാവം വല്ലാത്ത വേവലാതിയുണ്ട്..,പുതപ്പൊക്കെ എടുത്ത് മാറ്റി..,എന്നെ കുലുക്കി വിളിക്കുന്നുണ്ട്..,"ഉമ്മാ ഞാൻ ഇനി എണീക്കൂല്ലാന്ന്" പറയണമെന്നുണ്ട്..,പക്ഷേ നാവ് പൊന്തുന്നില്ലല്ലോ..,വിളിച്ചിട്ടും അനങ്ങാത്തത് കൊണ്ടാവും ഉമ്മ ഉപ്പാന്റേടത്തേക്കോടി..,പിന്നെ ഉപ്പ വന്നു..,ഫാത്തി വന്നു..,ഇപ്പോൾ എല്ലാരുമുണ്ട് ചുറ്റും..,എന്നെയെടുത്ത് ബെഡിൽ കിടത്തി..,എന്തൊക്കെയൊ പറയുന്നു...കരയുന്നു..,അപ്പോഴേക്കും ആരൊക്കെയോ വന്ന് മെഡ്വേയിലേക്ക് കൊണ്ടുപോയി..,
ഞാൻ വിളിച്ചു പറയുന്നുണ്ട്...,ഞാൻ മരിച്ചിക്ക്ണ്...ഇങ്ങളെന്തിനാ ഇങ്ങനെടുത്തോണ്ടോടുന്നേ..!
ആരോടാ ഞാൻ പറയുന്നേ..,ആര് കേൾക്കാൻ..ഡോകടർ ഒറ്റ നോട്ടത്തിൽ തന്നെ പറഞ്ഞു..,ആള് മരിച്ചിട്ടുണ്ട്..,പിന്നെയെന്നെ ആംബുലൻസിൽ കയറ്റി വീട്ടിലേക്ക്..,
ഇവിടെയാണെങ്കിൽ എല്ലാരുമെത്തിയിട്ടുണ്ട്...എന്റുമ്മയെവിടെ..റബ്ബീ.."ഉണങ്ങിയാലും വീഴാത്ത കൊമ്പാണെന്റെ ഓളെന്ന്" വേപ്പ അഭിമാനത്തോടെ പറഞ്ഞയാളല്ലേ...ഈ കരഞ്ഞു കലങ്ങി തളർന്നിരിക്കുന്നേ..,
വെള്ളയിൽ മൂടിയ എന്നെ കണ്ടിട്ടാവണം..,ഉമ്മയുടെ നിയന്ത്രണം വിടുന്ന മട്ടുണ്ട്..,അല്ല വാപ്പയെവിടെ..! അല്ലാഹ് വാപ്പക്കെന്താ പറ്റിയെ..,ബോധം പോയോ..റബ്ബീ ഫാത്തിയോ..അവളെന്താ ഇങ്ങനെ മിഴിച്ചിരിക്കുന്നെ..,എനിക്കെന്താ യാസീൻ ഓതാത്തെ..,
അല്ല നിങ്ങളാരും എന്റെ ഇക്കാക്കയേയും അമ്മായിയേയും വിവരമറിയിച്ചില്ലേ..ആരാ അവരോട് പറയാ..,ആർക്കാ ധൈര്യം..എന്നാലും മരണം സത്യമല്ലേ..ഇങ്ങളാരെങ്കിലുമൊന്ന് വിളിച്ച് പറ...എനിക്ക് ബേജാറാവുന്നുണ്ട് ഇവരെ കളി കണ്ടിട്ട്..ലോക് ഡൗൺ ആയതോണ്ട് അടുത്ത കുടുംബക്കാരല്ലാതെ ആരും ഇല്ലല്ലോ...ന്റെ മാജുനേം മുബഷ്തയെയുമൊന്നും കാണുന്നില്ലോ...
അല്ല, അവരൊക്കെ അറിഞ്ഞിനോ..,ഞാൻ മരിച്ചത്..! ഇന്നലെ രാത്രി സലാം പറഞ്ഞ് പോയതാ..,സുബിത്താത്തയും ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല..,അറിഞ്ഞുവെങ്കിൽ എത്തേണ്ട സമയമായി..,
ഹാ..,ഇക്കാക്കയെ ആരോ വിളിച്ച് പറഞ്ഞിട്ടുണ്ട്..,റബ്ബീ..,എന്റിക്കാക്കാക്ക് ക്ഷമ നൽകണേ അല്ലാഹ്..,പാവം..എനിക്കുവേണ്ടിയൊരുപാട് സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്..,അമ്മായിയും ഉമ്മാനെ പോലെ ബോൾഡാണ്..പക്ഷേ ഇവിടെയെന്ത് ചെയ്യും..അമ്മായിയെ ആര് സമാധാനിപ്പിക്കും..ഹംദൂട്ടിയോ..! റബ്ബീ അവരവസ്ഥ പേടിയാവുന്നുണ്ട്..,
അപ്പോഴേക്കും..കുറച്ച് സ്ത്രീകളെന്നെ കുളിപ്പിക്കാൻ വന്നു..,അതിലൊരു പ്രായുള്ള ഉമ്മാമ്മ കരയുന്നുണ്ടല്ലോ..അല്ലാഹ് ഇത് ഉമ്മച്ചി നമ്മളെ പ്രസവിച്ച സമയം സഹായത്തിനുണ്ടായ ഉമ്മാമ്മയാണ്..കുഞ്ഞായപ്പോൾ കുളിപ്പിച്ച ഉമ്മാമ്മ തന്നെയെന്റെ മയ്യിത്തും കുളിപ്പിച്ചുവല്ലോ..!
മയ്യിത്ത് നിസ്കാരത്തിന് ആര് ഇമാമ് നിൽക്കും..ഉപ്പാനെ കൊണ്ട് പറ്റില്ല..,ഉപ്പയ്ക്കിതുവരെ ഞാൻ മരിച്ചത് വിശ്വാസം വന്നില്ല എന്ന് തോന്നുന്നു..,കഫം പുടവയിൽ പൊതിഞ്ഞ് മൈലാഞ്ചിയിലകൾ വിതറിയ കട്ടിലിൽ കണ്ടിട്ടും വിശ്വാസം വന്നില്ലേ...,
ആ..,എളയ ആണ് ഇമാം..,അവരുസ്താദാണ്..الحمد لله...
കൊറോണ കൂട്ടിലടച്ച പ്രവാസികളുടെ വേദന അപ്പോഴാണെനിക്ക് മനസ്സിലായത്...ഇക്കാക്ക ഹയാത്തിലുണ്ടായിരിക്കെ..,ഇക്കാക്കയില്ലാതെയെന്റെ മയ്യിത്തു നിസ്കാരം..,
"മരിക്കുകയാണെങ്കിൽ മദീനയിലാവേണം..."എന്റെ ഫോണാണല്ലോ..അതിൽ വിളിക്കുന്നത് ഒന്നുകിൽ മക്കളെ പാരൻസ് അല്ലെങ്കിൽ സുബിത്താത്തയോ മാജുവോ...,
ഇതാരാണ് നോക്കുമ്പോഴേക്ക് സുബിത്താത്തന്റേം മാജുന്റേം ലോഢ് കണക്കിന് മിസ്ഡ് കോൾ..,അവരറിഞ്ഞിട്ടുണ്ടാവും..,അപ്പോഴേക്കും ചന്ദനത്തിരിയുടെ മണം തിങ്ങിയ എന്റെ വീട്ടിലേക്ക് അടുക്കള വശത്തൂടെ രണ്ട് നിഖാബികൾ കയറി വരുന്നത് കണ്ടപ്പോഴെ മനസ്സിലായി..,സുബിത്താത്തയും റയ്യു ഇത്തുവും ആണെന്ന്..,വെള്ളയിൽ പൊതിഞ്ഞ എന്നെ കണ്ടതും അവരുടെ നിയന്ത്രണം പോയിട്ടുണ്ടാവാം..,സുബിത്താത്ത പുറകോട്ട് വലിയുന്നത് ഞാൻ ശ്രദ്ധിച്ചു.., Whatsapp കളിലെ സ്റ്റാറ്റസുകളിലും..ഗ്രൂപ്പുകളിലും മരണവാർത്ത ഒഴുകുന്നുണ്ട്..ഖത്മും തഹ്ലീലും ന്റെ ഹബീബത്തിമാർ എനിക്കു വേണ്ടി ഏറ്റെടുക്കുന്നത് കണ്ടപ്പോൾ...ഒരു നിമിഷം.. WhatsApp ന്റെ ദുരുപയോഗത്തെ കുറിച്ച് മുമ്പ് ഉപന്യാസമെഴുതിയത് വേണ്ടായിരുന്നുവെന്ന് തോന്നിപ്പോയി..എന്തൊരു ഭാഗ്യവതിയാ..സയ്യിദത്തുമാരും..,ആഷിഖാത്തുകളുമായ ഇതുവരെ കാണാത്തവർ..,അക്ഷരങ്ങൾ കൊണ്ട് എന്റെ സഹോദരിമാരായവർ..ഇഷ്ഖിന്റെ വഴിയിൽ വെച്ച് കണ്ടുമുട്ടിയവർ...الحمد لله...
സമയം പതിനൊന്ന് മണിയോടടുത്തു..,മയ്യിത്തെടുക്കണ്ടേ..,ആരോ വിളിച്ചു പറയുന്നത് കേട്ടാണ് ഞാൻ ഞെട്ടിയത്..,അതെ വീടുമാറാൻ സമയായി..,പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് അത്രയൊന്നുമായില്ല..,അതിനു മുമ്പ് വീണ്ടും എന്റെ തനിച്ചുള്ള വീടു മാറ്റം..!
എന്നെയെടുത്ത് മയ്യിത്ത് കടിലിൽ വെച്ചു..,തഹ്ലീൽ ചൊല്ലി മെല്ലെ മുമ്പോട്ട് നടക്കാണ്..അയൽവീട്ടിലെ കുഞ്ഞു മക്കളും കരയുന്നുണ്ടല്ലോ..,എല്ലാരും കരയുന്നത് കണ്ടിട്ടാവും..,
അല്ലാഹ്..സഹ്റയിലേക്ക് ഞാൻ സ്ഥിരമായി നടന്നു പോയ വഴിയിലൂടെയാണ് എന്നെ എടുത്തു കൊണ്ടു പോവുന്നത്..,എനിക്ക് വല്ലാതെ പരിചയമുള്ള പള്ളിക്കാടും..അതിനോരത്ത് കൂടിയായിരുന്നു..,ഞാനും മാമും സഹ്റയിലേക്ക് പോകാറുള്ളത്..,പലപ്പോഴും നമ്മൾപറയാറുണ്ട് എവിടെയായിരിക്കും..നമുക്കുള്ള മണ്ണറയെന്ന്..,
ഇന്നിതാ ഞാൻ വീണ്ടും ഇവിടെയെത്തി..,നിഖാബില്ലാതെ..,പർദ്ധയില്ലാതെ..,ചലനമില്ലാതെ..,വെള്ളത്തുണിയിൽ പൊതിഞ്ഞൊരു മയ്യിത്തായി..ഈ പള്ളി മൈതാനിയിൽ ഒരു അതിഥിയും കൂടി..,
സ്കൂൾ തുറക്കേണ്ട സമയാണ്..,ലോക്ഡൗൺ ആയതു കൊണ്ട് തുറന്നില്ല..,എന്റെ മക്കളെ ശരിക്ക് കാണാൻ പറ്റിയില്ലല്ലോ..,മാമിനെ കാണണമെന്ന് മക്കൾ പറയുമ്പോൾ വീഡിയോ കോൾ ചെയ്യുന്ന നേരവും അവർക്ക് പരിഭവമായിരുന്നു..സഹ്റയെന്താ തുറക്കാത്തേ..മാമിനെയും ഫ്രണ്ട്സിനെയും കാണണമെന്ന് പറഞ്ഞ്..,
ഇനി ഫയ്യ മാമു മക്കൾക്കില്ലാട്ടോ..,പുതിയ മാം വരും..റബ്ബീ ഖബ് റ് റെഡിയാണ്..ഞാനിവിടെ ഒറ്റയ്ക്കാകുമോ..,
രണ്ടുപേർ ഖബ്റിലിറങ്ങി..,എന്നെയെടുത്ത് പച്ചയായ മണ്ണിൽ കിടത്തിയപ്പോൾ ഞാൻ വിറച്ചു പോയി..,ഇത്ര ഇടുങ്ങിയതാണോ ഖബ്റ്..നമ്മൾ സ്ത്രീകൾ..ഫോട്ടോയിലും കഥയിലും മാത്രം കണ്ടിരുന്ന ഖബ്റിനെ നേരിൽ കാണാൻ..സ്വന്തം ഖബ്റ് തന്നെ ഒരുങ്ങേണ്ടി വന്നല്ലോ..,
അവര് മുകളിവേക്ക് കയറി..ഈ മണ്ണറിയിൽ ഇനി ഞാൻ മാത്രമോ...
മണ്ണിൽ നിന്ന് വന്നവളെ മണ്ണിലേക്ക് മടക്കി എല്ലാവരും ഒരുപിടി മണ്ണ് വാരിയിടുമ്പോൾ..എന്റെ വാപ്പാന്റെ കൈ പൊന്തണില്ലല്ലോ...
വാപ്പ ഞാൻ മരിച്ചു..,വാപ്പയെന്നിൽ മണ്ണിട്..!
ഖബ്റ് മൂടിയെല്ലാരും പിരിഞ്ഞനേരമിൽ..,വാപ്പാന്റെ തേങ്ങൽ ഞാൻ കേൾക്കുന്നുണ്ട്..,
മുൻകർനകീറിനുعليهم السلام മുമ്പേ മുത്താറ്റലോരേയുംﷺ കൂട്ടി വരണേ എന്ന് ഫാത്വിമിയ്യ സ്വലാത്തിനോട് ഞാൻ പറയുന്ന അതേ നേരമിൽ ഖബ്റെന്നെയൊന്ന്..,പിടിച്ചിറുക്കി...,
അല്ലാഹ്...!!!എന്തായിത്...!ന്റെ നെഞ്ചിൻ കൂട് തകർന്നുവോ..!വാരിയെല്ലുകൽ തമ്മിൽ കോർത്തുവോ..വേദന കൊണ്ട് ഞാനൊന്ന് പിടഞ്ഞനേരം...
ധും...!!!
ഇതാ സോഫേന്ന് താഴെ കിടക്കുന്നു..ഞാനിതെവിടെയാ റബ്ബീ..,ആകെ വിയർത്തു കുളിച്ചിട്ടുണ്ടല്ലോ...,വാരിയെല്ലുകളിതുവരെ വേർപിരിഞ്ഞില്ല..,ഞാൻ മരിച്ചിട്ടില്ലേ...ഫുള്ളായിട്ടൊന്ന് തൊട്ടു നോക്കി..,ഇല്ല അനങ്ങുന്നുണ്ട്..,
വീണ ശബ്ദം കേട്ടിട്ടാവണം ഉമ്മ അടുക്കളീന്ന് ഓടി വന്നു..നെറ്റി ചെറുതായിട്ട് സോഫന്റെ കാലിൽ തട്ടിയതിനാൽ അൽപം വീങ്ങിയതിന്റെ പരിഭവം...,
പക്ഷേ...ഞാനിപ്പോഴും ഖബ്റിലാണ്..,തിരിച്ചെത്തിയില്ല..,എന്റെ ഇരുത്തം കണ്ട് ഉമ്മയൊന്ന് പിടിച്ച് കുലുക്കിയപ്പോഴാണ് മരിച്ചിട്ടില്ലാന്നെനിക്ക് ബോധ്യം വന്നേ..,ക്ലോക് നോക്കിയപ്പോൾ രാത്രി എട്ടര മണി ആയതേയുള്ളൂ..,കയ്യിലെ കൗണ്ടറും പേടിച്ചപോലെ വിരലിൽ ഒതുങ്ങി കൂടിയിട്ടുണ്ട്...
*മരണം സത്യമാണ്...,മരണ നേരത്ത് തിരു വജ്ഹ് കാമിലായിട്ട് കണ്ട് കൺ കുളിരുവാൻ വേണ്ടി..ദുആ വസ്വിയ്യത്തോടെ*🤲
🎀...اللهم صل على النور وأهله...🎀
✍️بنت مصطفى مولوي
Comments